Global Hands News
ഇടയനോടൊപ്പം ഒരു ദിനം – വലിയകുടുംബങ്ങളെ ചേർത്ത് പിടിച്ച് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
കൊല്ലം :-ഇടയൻ അവന്റെ ആടുകളുടെ സ്വരം ശ്രവിക്കുന്നു.പിതാവിനോട് മക്കൾ മനസ് തുറക്കുന്നു.ക്രിസ്തുവിന്റെ കാരുണ്യകരങ്ങളാൽ അവനവരെ ചേർത്തുപിടിക്കുന്നു എന്നുള്ള ആദർശവാക്യമുയർത്തി കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച വലിയ കുടുംബസംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി സമാപിച്ചു. നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങൾ മാതാപിതാക്കളും കുഞ്ഞുങ്ങളുമായി കൊല്ലം ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി പിതാവിനോടൊത്തായിരിക്കുന്ന പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയിൽ ഉണ്ടായിരുന്നില്ല.പിതാവും കുഞ്ഞുങ്ങളും ചേർന്ന് പാട്ടുകൾ പാടി, മക്കൾക്ക് ജന്മം കൊടുക്കുന്ന സമയങ്ങളിലും വളർത്തുമ്പോഴും കത്തോലിക്കാ സ്ഥാപനങ്ങളിൽ പോലും തങ്ങൾക്കുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങൾ മാതാപിതാക്കൾ പങ്കുവെച്ചു,ബിഷപ്പ് അവരെ കേൾക്കുകയും അവരോട് ചേർന്നുനിൽക്കുകയും പരിഹാരം കണ്ടെത്താമെന്നു ഉറപ്പു നൽകുകയും ചെയ്തു.
എല്ലാ കുഞ്ഞുങ്ങൾക്കും പിതാവ് ജപമാലകൾ സമ്മാനിച്ചു. പിതാവിന്റെ മടിയിൽ കയറിയിരുന്നും കെട്ടിപ്പിടിച്ചും പിതാവിന് ഉമ്മകളും സ്തുതിയും കൊടുത്തും കുഞ്ഞുങ്ങൾ ഈ ദിനത്തെ ആവേശമാക്കി മാറ്റി.
പുറത്തു നിന്നാരുടെയും സഹായമില്ലാതെ എല്ലാവരും ഒരുമിച്ച് ആഹാരം പങ്കിട്ടു കഴിച്ചതും അവിസ്മരണീയമായി.
ക്രിസ്തുവിന്റെ ദർശനങ്ങളും കത്തോലിക്കാ സഭയുടെ പഠനങ്ങളും ചേർത്ത് പിടിക്കുന്നവരാണ് വലിയ കുടുംബങ്ങളെന്നു ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു. ആരുടേയും ഔദാര്യത്തിനുവേണ്ടിയല്ല ദൈവത്തോടുള്ള വിശ്വസ്ഥത കൊണ്ടാണ് അവർ മക്കൾക്ക് ജന്മം നൽകുന്നത്. എങ്കിലും ഇടയൻ അവന്റെ ആടുകളെ ചേർത്തുപിടിക്കണമെന്നുള്ളതുകൊണ്ടാണ് ഇടയനോടൊത്തൊരു ദിനം പരിപാടി സംഘടിപ്പിച്ചത്. സഭ വലിയകുടുംബങ്ങളോടൊപ്പമുണ്ട്. രൂപതാ പ്രോലൈഫ് സമിതിയും ഫാമിലി അപ്പോസ്ട്ടാലേറ്റും ഒരുമിച്ചു ചേർന്നു വലിയ കുടുംബങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട്,അതോടൊപ്പം ഇപ്പോഴുള്ളവ വിപുലമാക്കുകയും ചെയ്യുമെന്നും ബിഷപ് പറഞ്ഞു.
അപ്പനും മക്കളും ഒരുമിച്ചിരുന്നു സങ്കടങ്ങളും സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന, പരസ്പരം പങ്കിട്ടു ഭക്ഷിക്കുന്ന,തങ്ങളുടെ കഴിവുകൾ വെളിപ്പെടുത്തുന്ന ആനന്ദദിനമായ ഇടയനോടൊത്തൊരു ദിനം ഇനിയുള്ള കാലങ്ങളിലും തുടരുമെന്ന് ഡോ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് പറഞ്ഞു.
പരിപാടിക്ക് ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഷാജൻ വർഗീസ്, പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, കെ സി ബി സി പ്രോലൈഫ് സമിതി സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, വലിയ കുടുംബങ്ങളുടെ കോർഡിനേറ്റർ അഗസ്റ്റിൻ മുക്കാട്,ജാക്വിലിൻ എന്നിവർ
നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ് : ഇടയനോടൊപ്പം ഒരു ദിനം പരിപാടിയിൽ പങ്കെടുത്ത കുഞ്ഞുങ്ങളുമൊരുമിച്ച് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവ്.